Monday, 22 October 2012
അചിന്ത്റാമിന്റെ ആകുലതകള്‍
സീതയുടെ ശവമടക്ക് കഴിഞ്ഞു ഇരുട്ടും ചമേലിയും ഒരുമിച്ചാണ് കുടിലിന്‍ മുറ്റത്തെത്തിയത്.
ചമേലിയുടെ മിഴികളിലെ ലവണജലം മുഴുവനായി ഉണങ്ങിയിട്ടില്ല . മഞ്ഞു വീണു കുളുര്‍ന്ന കൂരയ്ക്കു മുന്നില്‍ കൂനിയിരിക്കുന്ന അചിന്ത് റാം അവളുടെ കിതപ്പ് കേട്ടാണ് മുഖമുയര്‍ത്തിയത്.
കുടിലിന്‍ വാതിലില്‍ കെട്ടിയുറപ്പിച്ച മുളം തണ്ടില്‍ തൂങ്ങുന്ന റാന്തലിനെ ഉഞ്ഞാലാട്ടുകയാണ് കാറ്റ്.
റാന്തല്‍ വെളിച്ചത്തില്‍ തിളങ്ങുന്ന ഓട്ടുഹുക്കയുടെ നീണ്ട നാളത്തിലേക്ക് തല ചേര്‍ത്തു പുക നുണഞ്ഞു കൊണ്ടിരിക്കയാണ് ആ ജാട്ട് കര്‍ഷകന്‍. അരിച്ചു കയറുന്ന തണുപ്പിനെ പ്രതിരോധിക്കാന്‍ മുന്നിലാളുന്ന തീയിലേക്ക് അയാളുടെ കൈകള്‍ ചെന്ന് മടങ്ങുന്നത് കാണാം.
"ഉത്തം സിംഗ് ഈ നാടിന്റെ അന്തകന്‍ ആണ്. അവനെ കൊല്ലണം "
മണ്‍കൂജയിലെ വെള്ളമെടുത്തു മുഖം കഴുകവേ അവള്‍ പിറുപിറുത്തു. ചീര വയലുകളെ തഴുകിയെത്തുന്ന തണുത്ത കാറ്റിനും അവളിലെ താപം തണുപ്പിക്കാനായില്ല.
"സീതയടക്കം എത്ര പെണ്‍കുട്ടികളുടെ മാനവും ജീവനുമാണ് അവന്‍ ചീന്തിയെറിഞ്ഞത്!!"
"ഇവിടെ ആര്‍ക്കും മുഖമില്ല, നാവുമില്ല .. ... ആണുങ്ങള്‍ എല്ലാം ഹിജഡകള്‍ ആണിവിടെ ..... "
ചമേലിയുടെ അരിശമടങ്ങുന്നില്ല. കൂരക്കകത്ത് കയറി റൊട്ടിക്ക് മാവ് കുഴക്കുമ്പോഴും അവള്‍ എന്തൊക്കെയോ പുലമ്പുന്നത് അചിന്ത്റാമിന് കേള്‍ക്കാം.
ഹുക്കയുടെ നീണ്ട നാളത്തിലേക്ക് ചുണ്ട് ചേര്‍ത്തു ഒരു കവിള്‍ കൂടി പുക നുണഞ്ഞ ശേഷം തലയിലെ ജാട്ട് ടര്‍ബന്‍ യഥാസ്ഥാനത്താക്കി അയാള്‍ വീണ്ടും ചിന്തകളില്‍ മുഴുകി.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ പാതയോരത്തെ വിശാലമായ തരിശു ഭൂമിയില്‍ കൃഷിയിറക്കാന്‍ എത്തുമ്പോള്‍ താന്‍ കണ്ട ഉത്തം സിംഗ് .
അന്നയാള്‍ വെറുമൊരു തട്ടുകടക്കാരനായിരുന്നു. ധാന്യം വിളയുന്ന പാടത്തിന്‍ പാതി പകുത്തെടുത്തു അതില്‍ സ്ഥിരമായുറപ്പിച്ച കൈവണ്ടി ചക്രങ്ങള്‍ക്ക് മുകളിലായിരുന്നു ഉത്തംസിംഗ് കച്ചവടം നടത്തിയിരുന്നത് .
മരക്കാലുകള്‍ ഇളകിയാടുന്ന ബെഞ്ചില്‍ ഭോജ്പ്പുരി പത്രത്തില്‍ വാര്‍ത്ത പരതുന്ന ഒന്ന് രണ്ടു മെലിഞ്ഞ രൂപങ്ങളും ദ്രവിച്ച ഇരുമ്പ് കമ്പികളാല്‍ പണിത കോഴി കൂടില്‍ കണ്‍ചിമ്മിയുറങ്ങുന്ന കോഴികളെ വടിയിട്ടു കുത്തുന്ന ഉത്തംസിങ്ങിന്റെ വികൃതി കുട്ടികളെ നോക്കിയിരുന്നു ബീഡി പുകച്ചു തള്ളുന്ന മറ്റു രണ്ടു പേരുമൊക്കെയായിരുന്നു ഉത്തംസിങ്ങിന്റെ അന്നത്തെ പറ്റുകാര്‍.
വണ്ടി ചക്രത്തിനരികിലെ കല്ലടുപ്പില്‍ മുഷിഞ്ഞു കത്തുന്ന കരിമ്പിന്‍ ചണ്ടിയും വൈക്കോലും തീര്‍ക്കുന്ന കടുത്ത പുക അടുപ്പിനു മുകളിലെ അലുമിനിയ പാത്രത്തില്‍ കരി പുരട്ടി കൊണ്ടിരിക്കും. വശങ്ങളില്‍ ചില്ല് പാകിയ കൊച്ചുപെട്ടിയില്‍ സൂക്ഷിച്ച ബന്നും പാവും ചായക്കൊപ്പം വിറ്റ് അഷ്ട്ടിക്കുള്ള വക തേടിയിരുന്ന ഉത്തംസിംഗ് പ്രതാപങ്ങളിലേക്ക് നടന്നു കയറിയ വഴികള്‍. അവക്ക് നൂറു കണക്കിന് ഗ്രാമീണ പെണ്‍കോടികളുടെ ചാരിത്ര്യനഷ്ട്ടത്തിന്റെയും കണ്ണുനീരിന്റെയും കഥകള്‍ പറയാനുണ്ട് എന്നത് ഗ്രാമം മറന്ന ചെറിയ കാര്യങ്ങള്‍ ആണല്ലോ!!
ഇന്ന് "ഉത്തം സിംഗ് ദ ദാബാ" ഈ പാതയോരത്ത് ആയിരങ്ങള്‍ കൊയ്യുന്ന മദ്യ സല്‍ക്കാര കേന്ദ്രവും ഭോജനശാലയുമായി മാറി കഴിഞ്ഞു. വിവിധ ഗ്രാമങ്ങളിലെ ദാരിദ്ര്യം പിടിമുറുക്കുന്ന ചേരികളില്‍ നിന്നും പെണ്‍കുട്ടികളെ ജോലിക്കെന്ന വ്യാജേന അയാള്‍ ഇവിടെയെത്തിക്കുന്നു. തുച്ചമായ വേതനം നല്‍കി രാത്രികളില്‍ ലഹരിയുടെ മേല്‍ക്കുപ്പായമണിഞ്ഞ ആവശ്യക്കാര്‍ക്ക് അവരെ വീതിച്ചു നല്‍കുന്നു.
വന്യമായ ഒരു പുഞ്ചിരി എല്ലായ്പോഴും ചുണ്ടുകളില്‍ സൂക്ഷിച്ചിരുന്ന അയാളുടെ പറ്റുകാരില്‍ ലോറി ഡ്രൈവര്‍മാര്‍ മുതല്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ വരെ ഇടം പിടിച്ചിരുന്നു. മാംസദാഹികളുടെ മടിശ്ശീലകളിലൂടെ അടിവെച്ചു കയറിയ അയാളുടെ ഉന്നതങ്ങളിലെ സ്വാധീനം കൊല്ലും കൊലയും വരെ നടത്താനുള്ള തുറന്ന സമ്മതം അയാള്‍ക്ക് നല്‍കി.
കയ്യിലെത്തുന്ന സംഖ്യയുടെ വലുപ്പമനുസരിച്ച് നേതാക്കാള്‍ അകത്ത് മുറികളില്‍ രതിസുഖം നുകരുമ്പോള്‍ തുച്ച വരുമാനക്കാരായ ഡ്രൈവര്‍മാര്‍ ദാബക്ക് പുറകിലെ കരിമ്പ് പാടങ്ങള്‍ക്ക്
നടുവില്‍ ഇണ ചേര്‍ന്നു. നനുത്ത മഞ്ഞിന്‍ മറയില്‍ തുറന്ന ആകാശകീഴില്‍ ചൂടി കട്ടിലുകളില്‍ സര്‍പ്പങ്ങളെ പോലെ കേട്ട് പിണഞ്ഞ മനുഷ്യ ശരീരങ്ങള്‍. ഗ്രാമവാസികളില്‍ അവ അസ്വാസ്ഥ്യം പകര്‍ന്നുവെങ്കിലും ഉത്തം സിങ്ങിന് നേരെ ശബ്ദമുയര്‍ത്താന്‍ ആരും ധൈര്യപെട്ടില്ല.
നേരം പുലര്‍ന്നാല്‍ ദാബക്കരികിലെ ജലം നിറച്ച സിമന്റ് തോട്ടിയില്‍ നിന്നും നിറച്ചെടുത്ത പ്ലാസ്ടിക് കുപ്പികളുമായി ചീരപ്പാടങ്ങളില്‍ കുനിഞ്ഞിരിക്കുന്ന ലോറി ഡ്രൈവര്‍മാരും ദാബക്ക് മുന്നില്‍ നിര്‍ത്തിയിട്ട ലോറികളില്‍ നിന്നും കനം തൂങ്ങിയ മുഖവുമായി നടന്നകലുന്ന സ്ത്രീകളുമൊക്കെ ഗ്രാമത്തിന്റെ സ്ഥിരം കാഴ്ചകള്‍ ആയി മാറി .
ചീരവയലുകളില്‍ കലപ്പ വലിക്കുന്ന ചമേലിയടക്കമുള്ളവരുടെ മേനികൊഴുപ്പിലും ഉത്തം സിംഗ് അടുത്ത ഇരയെ തിരയുന്നുവോ എന്ന ചിന്ത അചിന്ത് റാമിനെ വല്ലാതെ ആകുലപെടുത്തി.
പട്ടിയെ തല്ലി കൊല്ലും പോലെ അവസാനിപ്പിക്കണം ഇവനെയെന്നു നിരവധി തവണ ചമേലി ഉരുവിടുമ്പോള്‍ ഇവള്‍ക്ക് വല്ല ബാധയും കൂടിയോ എന്ന് അചിന്ത് റാം ചിന്തിക്കുമായിരുന്നു. അതോ ഉത്തം സിംഗ് അവളെയും ഉപദ്രവിച്ചു കാണുമോ?? ഭയം മൂലം അവള്‍ വല്ലതും തന്നില്‍ നിന്നും മറക്കുന്നുവോ ??
ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ മനസ്സിനെ മഥിക്കുമ്പോള്‍ കൂരക്കകത്ത് നിന്നുമുള്ള ചമേലിയുടെ വിളിയാണ് അയാളെ ചിന്തകളില്‍ നിന്ന് തിരികെ കൊണ്ട് വന്നത്.
മുന്നില്‍ വെച്ച പിഞ്ഞാണത്തില്‍ വിളമ്പിയ ചുടു റൊട്ടി വേവിച്ച പരിപ്പില്‍ മുക്കി കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ചമേലിയോടായി അചിന്ത് റാം പറഞ്ഞു.
ചിലതൊക്കെ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ചാല്‍ മാത്രമേ നമുക്ക് സമാധാനമായി ജീവിക്കാനാകൂ... നാടിനെയും നാട്ടാരെയും മുഴുവന്‍ നന്നാക്കാന്‍ നമുക്കാകുമോ ??
നീ ഗ്രാമത്തില്‍ മുഖിയയുടെ മകനെ തല്ലിയതും തുടര്‍ന്നുണ്ടായ കഷ്ട്ടപാടുകളും നീ മറന്നുവോ?? നീ നക്സല്‍ബാരിയാണെന്നും മുഖിയയുടെ മകനെ കൊല്ലാന്‍ ശ്രമിച്ചു എന്നുമല്ലേ മുഖിയയുടെ വക്കീല്‍ കോടതിയെ ധരിപ്പിച്ചത്. ആ കേസില്‍ ഇനിയും ഒരു തീര്‍പ്പായിട്ടില്ല. കൂടാതെ നമുക്ക് ഗ്രാമം വിട്ടു പോരെണ്ടതായും വന്നു എല്ലാം മറന്നു ഇവിടെ ഈ കൃഷിയിടത്തില്‍ ചീരയും പാലക്കും വിളയിച്ചു വിറ്റ് അന്നം തേടുന്നത് പോലും ഉത്തം സിംഗ് കരുതിയാല്‍ ഇല്ലാതാക്കാന്‍ കഴിയും. ആര്‍ക്കും അയാളെ ഒന്നും ചെയ്യാന്‍ കഴിയില്ല. ആയതിനാല്‍ നമുക്ക് നമ്മുടെ വഴി. നാം ഒന്നും കണ്ടിട്ടും കേട്ടിട്ടും ഇല്ല.
കത്തുന്ന കണ്ണുകളാല്‍ ദഹിപ്പിക്കുന്ന ഒരു നോട്ടവും ഇരട്ടി വേഗത്തില്‍ മിടിക്കുന്ന ഇടനെഞ്ചിന്‍ കിതപ്പും മാത്രമായിരുന്നു ആ വാക്കുകള്‍ക്കുള്ള ചമേലിയുടെ പ്രതികരണം. ആ നോട്ടത്തിന്‍ തീഷ്ണത നല്‍കിയ ഉള്‍ഭയം പുറത്തു കാണിക്കാതെ വിരിച്ചിട്ട കൈതതടുക്കിലേക്ക് ചായവേ അയാള്‍ പറഞ്ഞു ... "നാളെ പട്ടണത്തില്‍ പോയി വിത്ത് വാങ്ങണം " .
ഹരി ഓം.. ഹരി ഓം ... എന്ന വിളികളോടെ വിയര്‍പ്പിന്‍ മണം പുരണ്ട കമ്പിളിക്കീറ് നെഞ്ചില്‍ വലിച്ചിടുമ്പോഴും അയാളിലെ ആകുലതകള്‍ ഇരട്ടിക്കയായിരുന്നു. ചാഞ്ഞും ചെരിഞ്ഞും കത്തുന്ന റാന്തല്‍ നാളമണച്ചു ഭര്‍ത്താവിന്നരികില്‍ ചുരുളുമ്പോള്‍ ഹിംസ്രമൃഗങ്ങള്‍ പിച്ചിച്ചീന്തിയ സീതയുടെ ചേതനയറ്റ ശരീരം ചമേലിയുടെ മനസ്സിനെ വെട്ടയാടികൊണ്ടിരുന്നു.
അവള്‍ അങ്ങിനെയാണ്. ജന്മിത്വത്തിന്റെ വികൃത ഹസ്തങ്ങള്‍ വിതച്ച അനീതികള്‍ക്കെതിരെ ഗ്രാമീണരെ ഒന്നിപ്പിച്ചു അവസാനം വയലിലെ ചെളിയില്‍ തല ചവിട്ടി പൂഴ്ത്തിയ നിലയില്‍ അവസാനിച്ച പോരാളിയായ ഒരു ഹരിന്യാവി കര്‍ഷകന്റെ മകള്‍. പിതാജിയെ പോലെ തന്നെ അനീതിക്കെതിരെ എല്ലായ്പ്പോഴും ശബ്ദമുയര്‍ത്തിയതിന്നാല്‍ ഗ്രാമം അവള്‍ക്കു നക്സല്‍ബാരി എന്ന പേരു ചാര്‍ത്തി നല്‍കി.
പട്ടണത്തിന്റെ ഹൃദയ ഭാഗത്തെ ലക്ഷ്മി പ്രതാപിന്റെ ധാന്യക്കടയില്‍ നിന്നും തൂക്കി വാങ്ങിയ വിത്ത് ചാക്കില്‍ നിറച്ചു തലയിലേറ്റി നിരത്തരികിലെ കണ്ണാടി ചില്ലുകള്‍ക്കുള്ളില്‍ സൂക്ഷിച്ച വസ്തുക്കളെ നോക്കി നടന്നു നീങ്ങയാണ് അചിന്ത് റാം . ഗ്രാമത്തിലേക്ക് ചരക്കുമായി പോകുന്ന ഏതെങ്കിലും ലോറി കിട്ടിയാല്‍ അധികം വൈകാതെ കുടിലിലെത്താം. ഏതാനും വാര നടന്നാല്‍ വലതു വശത്തായി കാണുന്ന വലിയ ഗുധാമുകളില്‍ നിന്നും ചരക്ക് ലോറികള്‍ പുറപ്പെടും. വെയിലാറാന്‍ തുടങ്ങുന്നു.
വെളുത്ത പുക തുപ്പി പായുന്ന ലോറിക്കു പിറകിലെ അടുക്കി കെട്ടിയ മരപ്പെട്ടികള്‍ക്ക് മുകളില്‍ ഒരു സംഘം യാത്രക്കാര്‍ക്ക് നടുവില്‍ ആടിയും ഉലഞ്ഞും അയാളുമിരുന്നു. അസഹ്യമായ തണുപ്പും അധികം കനമില്ലാത്ത മഞ്ഞും അസ്തമയ സൂര്യനെ വെല്ലു വിളിക്കയാണ്.
ചമേലി എന്ത് ചെയ്യുകയാവും ?? ചീരപ്പാടത്തെ കള പറിക്കയാകുമോ?? ചിലപ്പോള്‍ ഉഴുതിട്ട നിലത്തെ മണ്‍കട്ടകളെ സമൂഹത്തിലെ അനീതിയായി കണ്ടു അടിച്ചു പരത്തുകയാവാം .... അനുഭവങ്ങളില്‍ നിന്നും ഇവള്‍ ഇനിയും ജീവിതമെന്തെന്ന് പഠിക്കാത്തതെന്തേ ...?? അചിന്ത് റാം വീണ്ടും ആകുല ചിത്തനായി.
ഗ്രാമത്തിലെ കവലയില്‍ ലോറിയിറങ്ങി തലയിലേറ്റിയ ചാക്കുമായി കുടില്‍ ലക്ഷ്യമാക്കി അയാള്‍ നടന്നു. അലസമായി കടന്നെത്തുന്ന സായാന്ഹത്തിന്‍ വരവ് കാത്തു ഗ്രാമീണ യുവാക്കള്‍ അവിടവിടെ കൂട്ടം കൂടി നില്‍ക്കുന്നത് കാണാം. ഗ്രാമത്തില്‍ എത്തിയതും തണുപ്പ് ഇരട്ടിച്ച പ്രതീതി.
"ആ ... നീ വന്നുവോ ?? എളുപ്പം കുടിയില്‍ ചെല്ല് ..."
എതിരെ വന്ന കമ്പിളിക്കുള്ളില്‍ നിന്നും കേട്ട ശബ്ദം ലാല്‍ജി ദാദയുടെതാണെന്നു തിരിച്ചറിയും മുന്നേ അയാള്‍ നടന്നകന്നിരുന്നു.
പ്രായാധിക്യം മൂലം ശുഷ്ക്കിച്ച അയാളില്‍ നിന്നും കേട്ട ശബ്ദത്തിനു വല്ലാത്ത ഇടര്‍ച്ച അനുഭവപെട്ടു.
പതിവിനു വിപരീതമായി ഗ്രാമവാസികള്‍ മുഴുവനായും നിരത്തില്‍ ചുറ്റിപറ്റി നില്‍ക്കുന്നു. ഉത്തം സിംഗിന്റെ ദാബക്ക് മുന്നില്‍ നിര്‍ത്തിയിട്ട പോലീസ് വാഹനങ്ങള്‍ക്ക് ചുറ്റും അകലെ തന്റെ കുടിലിനു മുന്നിലും ജനം കൂടി നില്‍പ്പുണ്ട്. അയാളുടെ ചലന വേഗത താളം തെറ്റി തുടങ്ങിയിരിക്കുന്നു. വിറയാര്‍ന്ന കാലുകളുടെ ശക്ത്തി ക്ഷയിക്കുന്നുവോ എന്നയാള്‍ സംശയിച്ചു.
ഹേ... ഭഗവാന്‍ .... എന്റെ ചമേലിക്കെന്തെങ്കിലും...??
നിരത്തിനരികിലെ പാതിയിടിഞ്ഞ മതിലില്‍ വിത്ത് ചാക്കിറക്കി മുന്നോട്ടായാന്‍ തുനിയവേ കണ്ണുകളിലേക്ക് കറങ്ങുന്ന ചുവന്ന വെളിച്ചം വിതറി പാഞ്ഞു പോയ ഒരു ശവവാഹിനിക്ക് പുറകെ പാഞ്ഞു വന്ന പോലീസ് വാഹനത്തിലെ അകക്കാഴ്ച അയാളെ തളര്‍ത്തി!!!
കണ്‍കോണില്‍ രൂപം കൊണ്ട ഈര്‍പ്പം കാഴ്ച മറിക്കവേ സ്വന്തം കാലുകള്‍ പോലും കാണാന്‍ വയ്യാത്ത വിധം ഒരിരുള്‍ അയാളെ ആവരണം ചെയ്യുന്നത് അയാളറിഞ്ഞു. വട്ടകണ്ണാടികള്‍ തുന്നി പിടിപ്പിച്ച മേല്‍കുപ്പായവും മുട്ടറ്റം വെളുത്ത പ്ലാസ്ടിക്ക് വളയങ്ങള്‍ അണിഞ്ഞ കൈതണ്ടകളും രൌദ്രഭാവം പടര്‍ന്നേറിയ മുഖവും അയാളുടെ മങ്ങിയ കാഴ്ചയില്‍ അലിഞ്ഞലിഞ്ഞില്ലാതായികൊണ്ടിരുന്നു.
നിരത്തില്‍ തളര്‍ന്നിരുന്ന അയാള്‍ സ്വയം ചോദിച്ചു .... " ഇനിയെന്ത്...??? "
അചിന്ത് റാമിന്റെ ആകുലതകള്‍ ഏറുകയാണ്!
(മഴവില്ല് ഓണ്‍ലൈന്‍ മാഗസിന്‍ ഒക്ടോബര്‍ ലക്കം പ്രസിദ്ധീകരിച്ചത് )
ചിത്രം ... ഗൂഗിളില്‍ നിന്ന്
Subscribe to:
Post Comments (Atom)
സുന്ദരമായ കഥ,
ReplyDeleteനിശബ്ദമായ വേദനയായി ആചിന്ത്റാം, ആകുലതകളുമായി ജീവിക്കുന്നവരുടെ പ്രതിരൂപം പോലെ...
മടുപ്പുളവാക്കുന്ന ജീവിത പ്രശ്നങ്ങളില്‍ നിന്നും അതിജീവനത്തിന്റെ കനലുകള്‍ എരിയിക്കുന്ന ചീമേലി ....
ആദ്യ വായനക്ക് നന്ദി റൈനി....
Deleteവേണുവെട്ടാ നല്ല ക്രാഫ്റ്റ് ഉള്ള കഥ. പ്രമേയത്തെക്കാള്‍ കഥ പറയുന്ന രീതിക്കാണ് പ്രാധാന്യം എന്ന് എന്നും വിശ്വസിക്കുന്ന ആള്‍ ആണ് ഞാന്‍ . കാരണം പ്രമേയങ്ങള്‍ ആവര്‍ത്തനമാകാം.
ReplyDeleteഒരു ശവ വാഹിനിക്ക് പുറകെ പാഞ്ഞു വന്ന പോലീസ് വാഹനത്തിലെ അകക്കാഴ്ച അയാളെ തളര്‍ത്തി???? ഇവിടെ ചോദ്യ ചിഹ്നത്തിന്റെ സാംഗത്യം മനസ്സിലായില്ല.
ചമേലിയുടെ ധീരതയില്‍ ആണ് കഥ അവസാനിക്കുന്നത് എന്നത് സന്തോഷം നല്‍കുന്നു
സസ്നേഹം..
നിസാര്‍ ..
Deleteവിലയേറിയ അഭിപ്രായത്തിന് നന്ദി..
എഡിറ്റ് ചെയ്തു.. ചോദ്യ ചിന്ഹം മാറ്റിയിരിക്കുന്നു
വ്യത്യസ്തമായ ഒരു ട്രീറ്റ്മെന്റ്. നല്ല കഥാപശ്ചാത്തലം.
ReplyDeleteനന്ദി മനു ...
Deleteവരവിനും വായനക്കും.
'ഒരു വടക്കന്‍ ഗ്രാമകഥ'എന്ന് മനസ്സ് പതുക്കെ മന്ത്രിച്ചുവെങ്കിലും അധാര്‍മ്മികതയുടെ ഈ കുടിലതക്ക് അഷ്ടദിക്കുകളും സമാനം.കഥയുടെ ത്രെഡ് വായനക്കാരനെ അരികിലേക്ക് വലിച്ചടുപ്പിക്കുന്ന രീതി അവര്‍ണ്ണനീയമെന്നു വിശേഷിപ്പിക്കട്ടെ.പ്രിയ സുഹൃത്തിന്റെ അനുഗ്രഹീത തൂലികയില്‍ വിരിഞ്ഞ ഈ വശ്യചാതുരി ചേതോഹരം.
ReplyDeleteമാഷേ ..
Deleteനന്ദി ഏറെയുണ്ട് .. വായനക്കും അഭിപ്രായത്തിനും
This comment has been removed by the author.
ReplyDeleteവളരെ വൃത്തിയായി ഒരു നല്ല കഥ പറഞ്ഞു.
ReplyDeleteഒരു എച്ച് കെട്ടും ഇല്ലാതെ.
ഇതാണ് ഒരു നല്ല കഥയുടെ ക്രാഫ്റ്റ്
നന്ദി .. രോസിലിജി
Deleteവേണ്വേട്ടാ നല്ല രീതിയിൽ പറഞ്ഞ ഒരു കഥ. കഥയ്ക്ക് കാരണമാവുന്ന വിഷയമെന്തോ ആയിക്കോട്ടെ,പക്ഷെ അത് പറയുന്ന ആ രീതി,അത് വേണ്വേട്ടന് മാത്രം അവകാശപ്പെട്ടതാ. തൊട്ട് മുൻപത്തെ ആ 'ജന്നത്തുൽ ഫിർദൗസും' ക്ലാസ്സായിരുന്നു. അതുപോലെത്തന്നെയായി ഇതും.!
ReplyDeleteഞാൻ എന്റേതായ തമാശയോടെ കാണട്ടെ ഇതിനെ, ഇത് 'അചിന്ത് റാമിന്റെ ആകുലതകൾ' ആവില്ല കാരണം അദ്ദേഹം അചിന്ത് റാമല്ലേ ? അപ്പോൾ അതിൽ ചിന്തയില്ലല്ലോ ?
നല്ല രസമുള്ള ഒരു കഥ വായിച്ച സന്തോഷം. ആശംസകൾ.
മണ്ടൂ .. സന്തോഷം
Deleteകണ്മുന്നില്‍ നടന്ന സംഭവങ്ങള്‍ പോലെ കഥ പറഞ്ഞുപോയപ്പോള്‍ അതു മനസ്സില്‍ വ്യക്തമായി പതിഞ്ഞു.ഓട്ടുഹുക്കയും ജാട്ട് ടര്‍ബനും ബോജ്‌പുരി പത്രവും ഒക്കെ കഥാഗതിക്ക് അതിസൂക്ഷ്മമായ പാശ്ചാത്തലങ്ങള്‍ ഉണ്ടാക്കി.മനോഹരമായ കഥയും അവതരണവും.ആശംസകളോടെ..
ReplyDeleteനന്ദി മുഹമ്മദ് സഹീബ് .. ഈ നല്ല വായനക്ക്
Deleteവ്യക്തമായി മനസിലാക്കാനും വളരെ നന്നായി വായന സുഖം നൽകാനും കഴിഞ്ഞു എന്നത് ഈ പോസ്റ്റിന്റെ ഒരു ഗുണം തന്നെയാണ്,
ReplyDeleteവളരെ നന്നായി കഥ പറഞ്ഞു
ഷാജു .. നന്ദി
Deleteഇന്ത്യയിലെ ഏതു ഗ്രാമത്തിലും നമുക്ക് ഇത്തരം കഥാപാത്രങ്ങളെ കാണാം.ചൂഷണം ചെയ്യപ്പെടുന്നവര്ക് എന്നും ഒരേ മുഖമാണ്. കണ്ണീരിന്റെയും സഹനത്തിന്റെയും വിശപ്പിന്റെയും വിഹ്വലതകള്‍ നിറഞ്ഞ ദൈന്യമായ ഒരു മുഖം. കഥ ഒത്തിരി ഇഷ്ടമായി. ആശംസകള്‍.
ReplyDeleteനന്ദി ശ്രീ ഉടയപ്രഭന്‍ ...
Deleteഈ വിലയേറിയ അഭിപ്രായത്തിന് !!
ഒരു സാധാ കഥയാണ് വേണു വേട്ടന്‍ പറഞ്ഞത്
ReplyDeleteപിന്നെ എങ്ങിനെ ഇത് മികച്ച ഒന്നായി എന്ന് പറഞ്ഞാല്‍
എഴുത്തിന്‍റെ രീതി ഇതോക്കെ വെത്യസ്തം കഥയെ പറയാന്‍ തിരഞ്ഞെടുത്ത് പശ്ചാത്തലം കഥാപാത്രങ്ങള്‍ എല്ലാം കഥയുടെഗുണം വര്ധിപ്പിക്കുന്നതായിരുന്നു വളര നന്നായിരിക്കുന്നു ആശംസകള്‍ വേണു ജി
കോമ്പാ ..
Deleteഅഭിപ്രായം ശരിക്കും ഇഷ്ടായി ...
നന്ദി .. നന്ദി
gus one ...@ north indian style
ReplyDeletethanks for the reading !!
Deleteമഴവില്ലില്‍ വായിച്ചിരുന്നു വേണുവേട്ടാ,
ReplyDeleteഉത്തരേന്ത്യന്‍ ഗ്രാമങ്ങളെ കുറിച്ച് അറിവില്ലാത്തവര്‍ക്ക് മാത്രമേ ഇതില്‍ കാല്പനികത കണ്ടെത്താനാവൂ. ഇന്നും അചിന്താറാമുമാര്‍ അവിടെ ജീവിച്ചിരിക്കുന്നു.
പറയാതെ പറഞ്ഞ ക്ലൈമാക്സാണ് കഥയുടെ ഹൈലൈറ്റ്.
ആശംസകള്‍.,
(സമയക്കുറവു മൂലം വായന വളരെ കുറവാണ്.)
നന്ദി ..ജോസു ..
Deleteവേറിട്ടൊരു ചിന്ത!
ReplyDeleteകണ്ണൂസ്സ്...
Deleteസ്നേഹം ... സ്നേഹം മാത്രം !!
മികച്ച കഥ. ആശംസകള്‍
ReplyDeleteഷേയാ...
Deleteവരവിനും വായനക്കും പെരുത്ത് നന്ദി :))
ഈ കഥ വായിക്കാന്‍ താമസിച്ചു പോയി.
ReplyDeleteഎത്ര ലളിതമായ ഭാഷ. നല്ല കഥാ പശ്ചാത്തലം. എല്ലാം കൊണ്ടും നന്നായി.
ശ്രീ ...
Deleteനന്ദി .. ഒരുപാട്
വായിക്കാൻ വൈകിപ്പോയി. നല്ല രചനാപാടവം ഇതിലും കാണാനുണ്ട്.
ReplyDeleteഉത്തംസിങ്ങിനെ അങ്ങ് കൊല്ലണം, :)
സുമോ ..
Deleteഅവനെ തട്ടണം എന്ന് കുറെ കാലമായി കരുതിയിരിക്കയാരുന്നു..
നന്ദി സുഹൃത്തെ ...
ഇങ്ങനെ യൊരു ബ്ലോഗ് ആദ്യമായാണ് കാണുന്നത് !! മഴവില്ലില്‍ വായിച്ചിരുന്നു .കഥയുടെ പശ്ചാത്തലം വിവരിക്കുന്നതില്‍ വേണുവേട്ടന്‍ കാണിക്കുന്ന ശ്രദ്ധ അഭിനന്ദനമര്‍ഹിക്കുന്നു .!!.
ReplyDeleteഫൈസല്‍ ... നന്ദി
Deleteവേണൂവേട്ടാ കഥയെക്കാള്‍ പറഞ്ഞ രീതിയാണ് ഇഷ്ടമായത്. കഥപാത്രങ്ങളുടെ ജീവിതസാഹിചര്യങ്ങള്‍ വായനക്കാരുടെ മനസ്സില്‍ കാണാന്‍ കഴിയത്തക്കവിധം നന്നായി തന്നെ പറഞ്ഞു . വായിച്ചു മടുത്തകഥകളില്‍നിന്നും വ്യത്യസ്തമായ ഒന്നു .ഇഷ്ടമായി ഏറെ :)
ReplyDeleteനന്ദി ആമി ....
Deleteകഥ മഴവില്ലില്‍ വായിച്ചിരുന്നു...വളരെ നന്നായിരിക്കുന്നു. തീര്‍ച്ചയായും എഴുത്തിന്റെ ഗ്രാഫ് മുകളിലേക്ക് തന്നെ..
ReplyDeleteവെള്ളികുളങ്ങരക്കാരന്‍ ..
Deleteവായനക്കും അഭിപ്രായത്തിനും നന്ദി
പതിവ് പോലെ മന്ദ്രമൊഴുകിയ കഥ. വായനയുടെ സുഖം പശ്ചാത്തലത്തിന്‍റെ മനോഹാരിത, ആശയത്തിന്‍റെ ഗൌരവം... എല്ലാം അഭിനന്ദന്നാര്‍ഹം. നന്ദി വേണുവേട്ടാ
ReplyDeleteവരവിനും വായനക്കും നന്ദി .... ആരിഫ്ജി
Deleteവിഷയത്തിന്‍റെ ഗൗരവം , ഒതുക്കമായ അവതരണ രീതി യിലൂടെ നന്നായി കൈകാര്യം ചെയ്ത കഥ .അതിന്‍റെ സത്ത നഷ്ടപ്പെടാതെ തന്നെ മനസ്സിലേക്ക് നുഴഞ്ഞു കയറി ആശംസകള്‍ വേണുട്ടാ ഒപ്പം ഒത്തിരി നന്മകള്‍ നേര്‍ന്നു കൊണ്ട് ഒരു കുഞ്ഞുമയില്‍പീലി
ReplyDeleteഷാജി ..
Deleteസന്തോഷമുണ്ട്. ഇത് വരെ വന്നതിനു
എന്‍റെ വകയും ചെറിയൊരു പ്രോത്സാഹനം ഇരിക്കട്ടെ......ആശംസകള്‍
ReplyDeleteഈ പ്രോല്‍സാഹനം സ്വീകരിക്കുന്നു .. സന്തോഷം
Deleteലളിതമായി പറഞ്ഞുപോയിരിക്കുന്നു.
ReplyDeleteസ്ഫടികപാത്രത്തിലെ ജലം പോലെ,
തെളിഞ്ഞ ഒരു കഥ.
വായനക്കും അഭിപ്രായത്തിനും നന്ദി സോണിജി...
Deleteനല്ല കഥ
ReplyDeleteകഥയിലെങ്കിലും ചമേലിമാര്‍ പ്രതികാരം ചെയ്യട്ടെ
അചിന്ത് റാം ഇനി സുഖമായുറങ്ങട്ടെ
ആശംസകള്‍
നന്ദി .. ശ്രീ അജിത്
Deleteപാതി രാത്രിയിലും എത്തിയതില്‍ സന്തോഷം !!!
നല്ലൊരു കഥ വായിച്ച സംതൃപ്തി വേണുവേട്ടാ... ഏതു കഥ വായിച്ചാലും കുറച്ചു ദിവസം ആ കഥാപാത്രങ്ങള്‍ മനസ്സില്‍ നില്‍ക്കും. ചീമേലിയും അചിന്ത് റാമും അത് പോലെ തന്നെ.
ReplyDeleteബ്ലോഗ്ഗിലെത്തി എന്റെ കഥ വായിച്ഛതിനു പെരുത്ത് നന്ദി ...
Deleteഒന്നും പറയുവാനില്ല വേണുവേട്ടാ. ഒന്നിരുത്തി ചിന്തിക്കട്ടെ. അചിന്ത്റാമിനെ പോലെയല്ല. എന്ത് കൊണ്ട് ഇപ്പോഴും ഉത്തംസിങ്ങുമാര്‍ ഉടലെടുക്കുന്നു എന്നതിനെക്കുറിച്ച്... ഒരായിരം ചമേലിമാര്‍ ഇനിയും ജനിക്കട്ടെ.
ReplyDeleteഅംജത് ...
Deleteവളരെ സന്തോഷം. ഇവിടെയെത്തി വായിച്ചു അഭിപ്രായമറിയിച്ചതിനു ,,,,
നല്ല കഥ വേണുവേട്ടാ ...!
ReplyDeleteവേണുവേട്ടന്റെ പുതിയ ബ്ലോഗ്ഗ് ആണല്ലേ ... മഴവില്ലില്‍ വായിച്ചിരുന്നു ..
എന്തെ തുഞ്ചാണിയില്‍ കഥ കണ്ടില്ലാ എന്ന് ആലോചിച്ചു ..!!
നന്ദി .. കൊച്ചുമോള്
Deleteഎല്ലാം കൊണ്ടും മനോഹരമായ കഥ. വായനക്കൊടുവില്‍ ചമേലി കൂടെ പോരുന്നു മനസ്സിലേക്ക്. അത്രയും മനസ്സിനെ സ്പര്‍ശിക്കുന്നു. അഭിനന്ദനങ്ങള്‍ വേണുവേട്ടാ
ReplyDeleteജെഫു ..
Deleteസന്തോഷം ...
ഈ വരവിനും വായനക്കും നന്ദി
കഥ പറയേണ്ടതെങ്ങനെയെന്നു കാണിച്ചു തരുന്ന ഒരു കഥ...
ReplyDeleteജീവിതത്തിനോട് മല്ലിടുന്നവന്റെ മുഖത്തിനെന്നും ഒരു ഭാവമാണോ ... ചിലപ്പോഴൊക്കെ അങ്ങനെയും തോന്നിപ്പോയിട്ടുണ്ട് .... അഭിനന്ദനങ്ങള്‍ മാഷേ...
ഷലീര്‍
Deleteഅഭിപ്രായം നെഞ്ചോടു ചേര്‍ക്കുന്നു ...
ഉത്തരേന്ത്യൻ ഗ്രാമങ്ങളിളെ ദീർഘകാലം അറിഞ്ഞ ഒരാൾ എന്ന നിലയിൽ വേണുവേട്ടന് കഥാപരിസരം പുതുമയുള്ളതാവില്ല. എന്നാൽ മലയാളിയായ വായനക്കാരന് അപരിചിതമായ ആ പരിസരം സൂക്ഷ്മമായി വരച്ചു കാട്ടിക്കൊടുത്തിരിക്കുന്നു. മനസിൽ ആ പരിസരം തെളിഞ്ഞുകണ്ട് കഥയിലൂടെ അനായാസം സഞ്ചരിക്കാനാവുന്നു.....
ReplyDeleteഎഴുത്തിന്റെ ഗ്രാഫ് കുത്തനെ ഉയരുകയാണ് ....
ഞാൻ ആദ്യം വായിച്ച അങ്ങയുടെ രചനയേക്കാൾ ഒതുക്കം കൊണ്ടും, ഭാഷകൊണ്ടും, ക്രാഫ്റ്റിന്റെ മികവുകൊണ്ടും പതിന്മടങ്ങ് ഉയരത്തിലാണ് ഈ കഥയുടെ സ്ഥാനം....
മാഷേ ..
Deleteവിലയേറിയ ഈ അഭിപ്രായത്തിനും എഴുത്തിന്റെ വഴിയില്‍ അങ്ങ് തരുന്ന പ്രോല്സാഹനങ്ങള്‍ക്കും നന്ദി എങ്ങനെ പറയണം എന്നറിയില്ല ...
കൊള്ളാം ഇഷ്ടപെട്ടു...
ReplyDeleteവായനക്ക് നന്ദി .. റോബിന്‍
Deleteകൊള്ളാം വേണുവേട്ടാ
ReplyDeleteഡോക്ടറെ ..
Deleteപെരുത്ത് നന്ദി !!
അചിന്ത് റാമും ചീമേലിയും മനസ്സിൽ നിൽക്കുന്നു. വേണുജി, ആഖ്യാന രീതി ഇഷ്ടമായി..
ReplyDeleteനന്ദി .. നൌഷാദ് ജി
Deleteഉത്തരേന്ത്യന്‍ പശ്ചാത്തലത്തിന് ഒന്നാമത്തെ മാര്‍ക്ക്..
ReplyDeleteഅചിന്ത് റാമും, ചീമേലിയുമൊക്കെ മികവുറ്റ കഥാപാത്രങ്ങളായി കഥയില്‍ നിറഞ്ഞുനിന്നു..
ആശംസകള്‍..
വാത്സ്യായനന്റെ അഭിനന്ദനങ്ങള്‍..
ഇത് വഴി വന്നതിനും വായനക്കും നന്ദി സുഹൃത്തെ !!
Deleteവ്യത്യസ്തമായ ഒരു ഫ്രൈമിനുള്ളില്‍ ഒരു കഥ പറയാന്‍ ശ്രമിക്കുമ്പോള്‍ കഥാപാത്രങ്ങള്‍ വായനക്കാരന് തീര്‍ത്തും അപരിചിതരായിരിക്കണം എന്ന ചിന്ത വേണുവേട്ടന് ഉണ്ടായിരുന്നിരിക്കാം. അത് കൊണ്ട് തന്നെ കഥാ പാത്രങ്ങളില്‍ വളരെയേറെ പുതുമ ഉണ്ടായിരുന്നു . ഉത്തം സിങ്ങും , ചമേലിയും , അചിന്ത് റാമും , ലാല്‍ ജി ദാദയുമായി കഥാപാത്രങ്ങള്‍ വായനക്കാരന് മുന്നില്‍ വന്നു നിന്നു .
ReplyDeleteകഥാപാത്രങ്ങളുടെ പേരുകള്‍ക്ക് വരെ കഥയില്‍ ശക്തമായ അദൃശ്യ സാന്നിധ്യം അറിയിക്കാന്‍ സാധിച്ചു എന്ന് തോന്നിപ്പോയി പല ഭാഗത്തും. അതിനു ഉത്തമ ഉദാഹരണമാണ് അചിന്ത് റാം എന്ന പ്രധാന കഥാപാത്രത്തിന്റെ പേര്.
കഥയുടെ ശീര്‍ഷകം അചിന്ത് റാമിന്റെ ആകുലതകള്‍ എന്നായിരുന്നു. പക്ഷെ വായന തുടങ്ങി പകുതിയെത്തിയപ്പോഴും അചിന്ത് റാമിനേക്കാള്‍ വലിയ ആകുലതകള്‍ ചമേലിക്കുണ്ടായിരുന്നോ എന്നൊരു സംശയം തോന്നാതിരുന്നില്ല. കാരണം അചിന്ത് റാം മൌനിയായി, ഒന്നിനെതിരെയും പ്രതിഷേധ സ്വരം പോലും ഉയര്‍ത്താതിരിക്കുമ്പോഴും ചമേലി രോഷപ്രകടനം നടത്തിയിരുന്നു. അവളുടെ ആകുലതകള്‍ പല രംഗങ്ങളിലും പുറത്തു വന്നത് അത്തരം ആത്മ രോഷത്തോടെയാണ് എന്നുള്ളത് കൊണ്ട് ചമേലിയെ ആകുലതകളുടെ സ്ത്രീ രൂപമായാണ് കഥയില്‍ കാണാന്‍ സാധിച്ചത്. ചമേലിയെ പോലൊരു ജ്വലിക്കുന്ന കഥാപാത്രം കഥയില്‍ ഉണ്ടായിട്ടും , മൌനിയായ അചിന്ത് റാമിനെ എഴുത്തുകാരന്‍ ശീര്‍ഷകത്തിലൂടെ ആദ്യമേ തന്നെ എന്തിനാണ് ഉയര്‍ത്തിക്കാട്ടിയത് ?
വായനക്കാരന്‍റെ അത്തരമൊരു സംശയത്തിന് അല്ലെങ്കില്‍ തോന്നലിനു എഴുത്തുകാരന്‍ മറുപടി കൊടുക്കുന്നത് ക്ലൈമാക്സിലാണ്. അവിടെയാണ് കഥയുടെ ശീര്‍ഷകത്തിന്റെ പ്രസക്തി എത്രത്തോളമായിരുന്നു എന്ന് വായനക്കാരനെ എഴുത്തുകാരന്‍ ബോധ്യപ്പെടുത്തുന്നത്.
കഥയിലെ ചമേലിയുടെ മനസ്സിലെ വിപ്ലവകാരിയെ ന്യായീരിക്കാന്‍ വേണുവേട്ടന്‍ പഴയ ഒരു കഥ പങ്കു വക്കുന്നുണ്ട്. കഥയ്ക്ക് ആവശ്യമായ ഒരു ചെറിയ വിശദീകരണം. അത് ഓര്‍ത്തെടുത്തു പൂരിപ്പിച്ചത് നന്നായി. ഉത്തം സിംഗിനെ വേണുവേട്ടന്‍ കഥയില്‍ അദൃശ്യനായ ഒരു ഭീകരനെ പോലെയാണ് അവതരിപ്പിച്ചത്. ഉത്തം സിംഗിനെ കുറിച്ച് വലിയൊരു വിവരണം വായനക്കാരന് കൊടുത്തുവെങ്കിലും, തന്റെ ക്രൂര കൃത്യത്തിനു ശേഷം ഇരുട്ടിന്റെ മറവില്‍ ഓടി മറയുന്ന ഒരു അദൃശ്യനായാണ് എന്‍റെ വായനയില്‍ ഉത്തം സിംഗ് അനുഭവപ്പെട്ടത്. അത് വ്യത്യസ്തമായ ഒരു അവതരണമായി തോന്നി.
കഥയുടെ ഭാഷയും, പശ്ചാത്തലവും ഒരു ലളിത വായന ഇഷ്ട്ടപ്പെടുന്ന വായനക്കാരന് യോജിച്ചതാണോ എന്ന സംശയം ഉണ്ട്. പക്ഷെ ഇക്കഥയില്‍ മറ്റൊരു ഓപ്ഷന്‍ ഇല്ല എന്നതാണ് സത്യം. പല പാരഗ്രാഫുകളിലും വേണുവേട്ടന്‍ ധൃതിയില്‍ എഴുതി തീര്‍ത്തതായി തോന്നി. ഉദാഹരണത്തിന് ഉത്തം സിംഗിനെ കുറിച്ച് പറഞ്ഞു തുടങ്ങുന്ന ഖണ്ഡികകള്‍ ..അവിടെ എന്തോ വാചകങ്ങളെ പരസ്പ്പരം ബന്ധിപ്പിക്കാതെ ആര്‍ക്കോ വേണ്ടി എഴുതിയിരിക്കുന്നു. ആ ഭാഗങ്ങളില്‍ , ശ്വാസം പിടിച്ചു ഒന്നിച്ചു നീട്ടി വായിക്കേണ്ടി വരുന്നു.
ക്ലൈമാക്സില്‍ ഒരു ചെറിയ സസ്പെന്‍സ് ഇട്ടതു നന്നായി തോന്നി. അവിടെ ആരാണ് മരിച്ചത് എന്നത് സംബന്ധിച്ച് ഒരുപാട് മുഖങ്ങള്‍ വായനക്കാരന്റെ മനസ്സില്‍ വരുത്താന്‍ കഴിഞ്ഞു. അതിഷ്ടപ്പെട്ടു.
വേണുവേട്ടന്റെ ഈ കഥയിലെ ആശയത്തിനേക്കാള്‍ ഉപരി ഈ കഥയില്‍ ആകര്‍ഷണീയത സൃഷ്ട്ടിച്ചത് കഥാപാത്രങ്ങളെയും , കഥയും അവതരിപ്പിച്ച രീതിയാണ്. കഥ നടക്കുന്ന ഗ്രാമത്തെയും അവിടത്തെ രീതികളും , സാംസ്കാരികതയും സൂക്ഷ്മ നിരീക്ഷണത്തോടെ കഥയിലേക്ക് പകര്‍ത്തി എന്നത് തീര്‍ത്തും അഭിനന്ദനീയമാണ്. കഥാപാത്രങ്ങളുടെ ചലനവും ഭാവവും എഴുതി അവതരിപ്പിച്ചതിലും മികവു പുലര്‍ത്തി.
ആശയത്തിലെ പുതുമയില്ലായ്മയെ പഴിക്കുന്നവര്‍ക്ക് ഒരു മറുപടിയാണ് ഈ കഥ. ഇവിടെ ആശയത്തിന്റെ പുതുമയില്ലായ്മയെ എഴുത്തുകാരന്‍ അവതരണ രീതി കൊണ്ടും എഴുത്തിന്‍റെ മികവു കൊണ്ടും മറി കടന്നു എന്ന് നിസ്സംശയം പറയാം.
വേണുവേട്ടാ ...ഒരല്‍പ്പം വൈകി പോയി വായിക്കാന്‍ ...ആശംസകളോടെ ...നല്ലൊരു എഴുത്തിനു അഭിനന്ദനങ്ങള്‍ ..
പ്രവീണ്‍ ....പതിവ് പോലെ തികച്ചും ഗൌരവതരമായ വായനയും വിശകലനവും !!!
Deleteവൈകിയാണ് വനത്. പക്ഷെ മനോഹരമായ ക്രാഫ്റ്റ് കൊണ്ട് കഥ പ്രീയപ്പെട്ടതായി. ആശംസകള്‍ ..........സസ്നേഹം
ReplyDelete