പ്രിയ വായനക്കാര്‍ക്ക് തുടിതാളത്തിലേക്ക് സ്വാഗതം !!!

Monday, 3 September 2012

വെളിപാട്


മഴ അല്‍പ്പം ശമിച്ചിട്ടുണ്ട്.  നിറഞ്ഞു കിടന്ന അമ്പലകുള കടവില്‍ ആളനക്കമില്ല.  തെളിഞ്ഞ ജലോപരിതലത്തില്‍ പൊന്‍സൂചികളെറിയും പോലെ തുള്ളാട്ടം നടത്തുന്ന പരല്‍ മീനുകളെ ജലത്തോടൊപ്പം  വകഞ്ഞു മാറ്റി മേല്‍ശാന്തി മുങ്ങി നിവര്‍ന്നു.  കിഴക്കിനെ വണങ്ങി ഈറനോടെ തിടപ്പള്ളി ലക്ഷ്യമാക്കി നടന്ന അദ്ദേഹത്തിനു നേരെ ചൂലുമായി നടന്നു വന്ന ജാനുവമ്മയെ പരുഷമായി ഒന്ന് നോക്കിയ ശേഷം  അദ്ദേഹം തിടപ്പള്ളിക്കകത്തേക്ക്  കയറി.


"ചതിച്ചോ ഭഗോതീ ........ "

അരുതാത്തതെന്തോ  സംഭവിച്ച മട്ടില്‍ അലമുറയിട്ടു പുറത്തേക്കു തിരിച്ചിറങ്ങിയ മേല്‍ശാന്തിയെ തിരുമുറ്റം തൂത്തു കൊണ്ടിരുന്ന ജാനുവമ്മ അത്ഭുതത്തോടെ നോക്കി. 

" ഇനി മുറ്റം തൂക്കണ്ട.. വല്ല കാലടയാളവും പോലീസിനു വേണ്ടി വന്നാലോ ???
ക്ഷേത്രത്തിലെ വലിയ ഉരുളി കണാല്ല്യ ... "

ഇത്രയും പറഞ്ഞു നിത്യവും നേരത്തെ വന്നു തിടപ്പള്ളി തുറന്നു ശുചിയാക്കാറുള്ള നാണപ്പനെ തേടി ശാന്തി മതിലിനു പുറത്തേക്ക് ഓടി . സംഭവം ഗൌരവതരമാകയാല്‍ ചൂല് കക്ഷത്തു വെച്ച് ജാനുവമ്മയും ശാന്തിയെ അനുഗമിച്ചു. 

അകലെ ആല്‍ച്ചുവട്ടില്‍ നിന്നും നടന്നു വരുന്ന നാണപ്പനടുത്ത് ഓടിയെത്തിയ ശാന്തി കലിയടക്കാനാകാതെ ആക്രോശിച്ചു ..

"താന്‍ തിടപ്പള്ളി തുറന്നിട്ട്‌ എവിടെ പോയി കെടക്കാര്‍ന്നു?? "

ചോദ്യം കേട്ടതും നാണപ്പന്‍ വല്ലാതെയോന്നു ഞെട്ടി

"തിടപ്പള്ളി തുറന്നിടാനോ... ആര് ??? ഞാന്‍ വീട്ടീന്നു വരണ വഴ്യാ "

നാണപ്പന്‍റെ മറുപടി ലഭിച്ചതും സംഭവം മോക്ഷണം തന്നെ എന്ന് മനസ്സില്‍ സ്ഥിരീകരിച്ച മേല്‍ശാന്തി നാണപ്പനോട് പറഞ്ഞു

"എല്ലാരും തൂങ്ങും .. ഭാഗോതിടെ വല്ല്യേ ഉരുളി കാണാല്ല്യ ...   താന്‍ ഓടി ചെന്ന് ട്രസ്ട്ട്യെ വിളിക്ക്യാ ...."

കേട്ട പാതി കേള്‍ക്കാത്ത പാതി നല്ല ജീവന്‍ നഷ്ടപ്പെട്ട നാണപ്പന്‍ പാടത്തിനക്കരെയുള്ള ട്രസ്റ്റി രാമന്‍ നായരുടെ വീട് ലക്ഷ്യമാക്കി ഓടാന്‍ തുടങ്ങി.   ഇരു വശവും വെള്ളം മുങ്ങി കിടന്ന പാടവരമ്പിലൂടെ വലിയ ചുവടുകളുമായി മുന്നോട്ടു നീങ്ങുമ്പോള്‍ കര്‍ക്കിടക മാനം പോലെ നാണപ്പന്‍റെ മുഖവും മേഖാവൃതമായിരുന്നു.   ഇനി പോലീസ്, കേസ്‌ , പുകില്‍.... എന്തിനൊക്കെ സമാധാനം പറയേണ്ടി വരുമെന്നോര്‍ത്തു മനം വിങ്ങി പായുമ്പോള്‍ മുന്നില്‍ വഴി മുടക്കി നിന്ന ക്യാമല്‍ ശേഖരേട്ടന്‍  ചോദിച്ചു.

"എങ്ങടാ ശരം വിട്ട പോലെ ത്ര കാലത്ത് ???? "

"അമ്പലത്തിലെ ഉരുളി മോക്ഷണം പോയി ... രാമേട്ടനെ അറീക്കാനാ... "

ഇരുണ്ട മാനത്തു നിന്നും ഒരു വെള്ളിടി തലയില്‍ വീണു പൊട്ടിയ പ്രതീതിയോടെ ക്യാമല്‍ ചോദ്യം തുടര്‍ന്നു

"അപ്പൊ ന്ന് ഉച്ചക്കലത്തെ അന്നദാനം  ണ്ടാവില്ല്യെ ??? " 

"ന്‍റെ ശേഖരേട്ട... ഇങ്ങള്‍ക്ക് തീറ്റയെന്നല്ലാതെ വേറെ ഒരു ചിന്തേം ഇല്ലേ ???.... ഇവടെ മനുഷ്യന്‍ വേവാ... അപ്പളാ ങ്ങടെ അന്നദാനം " നാണപ്പന്‍ ഓട്ടം തുടര്‍ന്നു

ഒരു ശാപ്പാട് കൊണ്ട് ദിവസങ്ങള്‍ കഴിച്ചു കൂട്ടാനുള്ള കലോറീസ് ശേഖരിച്ചു വെക്കുന്ന ശേഖരേട്ടന് സ്ഥലത്തെ തല തിരിഞ്ഞ ഏതോ പയ്യന്‍സ് ചാര്‍ത്തി നല്‍കിയ പേരാണ് ക്യാമല്‍.  

വഴിയില്‍ തന്നെയുള്ള വെളിച്ചപാടിന്റെ വീട്ടു പടിക്കല്‍ നിന്ന് ആഞ്ഞു കിതക്കയാണ് നാണപ്പനിപ്പോള്‍. 

"കുട്ട്യേമേ.... അമ്പലത്തിലെ വലിയ ഉരുളി ഇന്നലെ രാത്രി കളവു പോയി.... വെളിച്ചപാടെവെടെ???"

മുറ്റമടിച്ചു കൊണ്ടിരുന്ന വെളിച്ചപാടിന്റെ ഭാര്യ കുട്ടിയമ്മ നാണപ്പന്‍റെ കിതച്ച സ്വരം കേട്ട പാതി കേള്‍ക്കാത്ത പാതി അകത്തേക്കോടി.  ചാവടിയില്‍ തലേ ദിവസത്തെ പട്ടയുടെ കെട്ടിറങ്ങാതെ കിടന്ന വെളിച്ചപാടിന്റെ തലക്കലെത്തി  തന്റെ ജനറേറ്റര്‍ ഓണ്‍ ചെയ്ത പോലുള്ള ശബ്ദത്തില്‍ കുട്ടിയമ്മ  മൊഴിഞ്ഞു.

"കേട്ടോ ... ഭാഗോതിടെ  വല്ല്യേ ഉരുളി കള്ളന്‍ കൊണ്ടോയിത്രേ  .... "

വാര്‍ത്ത കേട്ട് ഞെട്ടി ഉണര്‍ന്ന വെളിച്ചപാട്  ഒരു മാവില കടിച്ചു ചവച്ചു വിരലുകള്‍ കൊണ്ട്  ദന്തശുദ്ധി വരുത്തി.   പുറത്തു തെങ്ങിന്‍ ചുവട്ടില്‍ വെച്ച ഒരു കുടം വെള്ളം തലയില്‍  കമിഴ്ത്തി ദേഹശുദ്ധിയും നേടി   അഴയില്‍ ഉണങ്ങാനിട്ട കൌപീനവും വലിച്ചു അകത്തേക്ക് കുതിച്ചു.  അപ്പോഴാണ്‌ നാണപ്പനുമൊത്ത് ട്രസ്റ്റി നായര്‍  ആ വഴി വന്നത്.

പടിക്കല്‍  ഒരു നിമിഷം ശങ്കിച്ചു നിന്ന അദ്ദേഹം കുട്ടിയമ്മയെ തീരെ മയമില്ലാതെ ഒന്ന് നോക്കിയതിന് ശേഷം ചോദിച്ചു ..

"വെളിച്ചപ്പാട് ന്നലെ രാത്രീല് എവടാരുന്നു ... കുട്ട്യേമേ ??   നെന്റെ ആങ്ങള  ഇപ്പോഴും ജയിലില്‍ തന്നെ അല്ലെ ..??"

നായരുന്നയിച്ച ചോദ്യങ്ങള്‍ തീരെ സുഖിക്കാത്ത കുട്ടിയമ്മ മൌനം പൂണ്ടു നിന്നതെ ഉള്ളൂ. 

"ഏതായാലും വെളിച്ചപാടിനോട് ആ പണിക്കരേം കൂട്ടി ഉടന്‍ അമ്പലത്തിലെത്താന്‍ പറയാ ...'"

ഇത്രയും പറഞ്ഞു നായര്‍ നടന്നു നീങ്ങിയതും  ഫൂ ... എന്ന് നീട്ടി തുപ്പി കുട്ട്യേമ മനസ്സില്‍ പറഞ്ഞു .

"അമ്പലം വിഴുങ്ങികളാ.... ന്നിട്ടും ശങ്ക പവങ്ങളടെ മോളിലാ... ഉരുളി വിഴുങ്ങിയത് അയാള് തന്നെയാവും "

വെളിച്ചപ്പാട് പ്രശ്നം വെക്കാന്‍ പണിക്കരെയും വിളിച്ചെത്തിയപ്പോഴേക്കും വാര്‍ത്തയറിഞ്ഞ് കുട്ടിയമ്മയടക്കമുള്ള  ഗ്രാമജനത  മുഴുവന്‍ അമ്പല നടയില്‍ തിങ്ങി നിറഞ്ഞു.

 സംശയം നിറഞ്ഞ കണ്ണുകളോടെ ഓരോരുത്തരെയും വീക്ഷിക്കയാണ് നായര്‍.  തന്റെ മുഖത്തേക്ക് നീണ്ട നായരുടെ നോട്ടം സഹിക്കാന്‍ വയ്യാതെ ജാനുവമ്മ തല കുനിച്ചു നിന്ന് മനസ്സില്‍ പറഞ്ഞു.

 "കിഴക്കേ നടേലെ ദീപസ്തംഭം എണ്ണ നിറഞ്ഞു തുളുമ്പി നിന്നപ്പോള്‍ തോര്‍ത്തു മുക്കി അല്‍പ്പം തൂക്കു പാത്രത്തിലേക്ക് പിഴിഞ്ഞെടുക്കണതു ഇയാള് പണ്ട് കണ്ടിട്ടുണ്ട്.....

അത് ഗതി കേടോണ്ടാ  ന്നു  ദേവിക്കും അറിയാം...
ന്നു വെച്ച് എടുത്താ പൊന്താത്ത ഉരുളിടെ കാര്യത്തില്‍ ഇയാളെന്തിനാ ന്നെ ങ്ങനെ നോക്കണത് "

ജാനുവമ്മയില്‍ നിന്നും മുഖം തിരിച്ച നായര്‍ ഇപ്പോള്‍ നോക്കുന്നത് നാണപ്പനെയാണ്.

കന്നിമൂലയിലെ കൂവള തറയില്‍ ചില്ലറ വിതറിയിട്ട് അതിലേക്കു ഭക്ത ജനങ്ങള്‍ ഇടുന്ന ചില്ലറ താന്‍ അടിച്ചു മാറ്റണത് നായര്‍ക്ക് അറിയാമെങ്കിലും നാണപ്പന്‍ ധൈര്യം കൈ വിടാതെ നായരെ തന്നെ നോക്കി നിന്നു.

തിങ്ങി നിറഞ്ഞ ജനകൂട്ടത്തെ  സാക്ഷിയാക്കി പണിക്കര്‍ ആവണപലകയില്‍ കവടി നിരത്തി.  കവടി വാരി നെഞ്ചോട്‌ ചേര്‍ത്തു എന്തൊക്കെയോ പിറുപിറുത്തു കവടി തിരിച്ചു പലകയില്‍ വെച്ച് പകുത്തു.   പിന്നെ കണ്ണടച്ച് അദ്ദേഹം ധ്യാനത്തില്‍ മുഴുകാന്‍ തുടങ്ങിയപ്പോള്‍ വെളിച്ചപാടില്‍ എന്തോ ഒരു ചെറിയ വിറയലും ഞെളിപിരിയും ജനം കണ്ടു. 

അല്‍പ്പനേരത്തെ ചിന്തിക്കലിനു ശേഷം കണ്‍തുറന്ന പണിക്കര്‍ ട്രസ്റ്റി നായരെ നോക്കി പറഞ്ഞു.

"സാധനം പരിസരം വിട്ടു പോയിട്ടില്ല.........  ന്നാണ് കാണണത്"

പണിക്കര്‍ ഇത്രയും പറഞ്ഞതും വെളിച്ചപാടിന്റെ ഞെളിപിരി ഇരട്ടിച്ചു.  ക്രമേണ അതോരുതരം തുള്ളലായി മാറി. 

വെളിച്ചപാടിനെന്തു സംഭവിച്ചു എന്നോര്‍ത്തു ജനം അന്തിച്ചു നില്‍ക്കവേ  "ന്‍റെ ദേവീ ............."  ന്നൊരു അലര്‍ച്ചയോടെ വെളിച്ചപാട് നിറഞ്ഞു കിടന്ന അമ്പലകുളത്തിലേക്ക് എടുത്തു ചാടി. 

ജനം അത്ഭുതത്തോടെ കുളത്തിനു ചുറ്റും  വെളിച്ചപാടിന്റെ ആഗമനം പ്രതീക്ഷിച്ചു നിന്നു.  നിമിഷങ്ങള്‍ക്കകം കുളോപരിതലത്തില്‍ തിരിച്ചെത്തിയ വെളിച്ചപാട് വിറച്ചു കൊണ്ട് പറഞ്ഞു.

"ഉരുളി കുളത്തിലുണ്ട്........... !!!"

പടവില്‍ തളര്‍ന്നിരുന്ന വെളിച്ചപാടിന്റെ വാക്ക് കേട്ടതും നായരുടെ ആജ്ഞ അനുസരിച്ച്  മുങ്ങല്‍ വിദഗ്ദ്ധര്‍ കുളത്തിലേക്ക്‌ കുതിച്ചു.  നിമിഷങ്ങള്‍ക്കകം അവര്‍ പൊക്കി കൊണ്ട് വന്ന ഉരുളി കണ്ടു ജനം അത്ഭുതം പൂണ്ടു മതി മറന്നു വിളിച്ചു.

"ദേവീ ... മഹാമായേ ...."

പിരിയാന്‍ തുടങ്ങിയ ജനം മുഴുവന്‍ പറഞ്ഞു കൊണ്ടിരുന്നത് വെളിച്ചപാടിലെ ദേവി പ്രസാദത്തെ കുറിച്ചായിരുന്നു.   പക്ഷെ ബിരുദധാരിയായ വിരുതന്‍ ബാബുവിനു മാത്രം സംഭവം അത്രക്കങ്ങു ദഹിച്ചില്ല.   അദ്ദേഹം പൊട്ടിച്ച വെടിയിങ്ങനെ ....

"ഇത് പണിക്കരും വെളിച്ചപാടും ചേര്‍ന്ന് നടത്തിയ ഒത്തു കളിയാ .....  ഒരാള്‍ പ്രശ്നം വെക്കാനും ഒരാള്‍ മുങ്ങിയെടുക്കാനും ...... ഇതിലെന്തോ കളിയുണ്ട് "

നീ വെറുതെ അതുമിതും പറഞ്ഞു ദേവികോപം വിളിച്ചു വരുത്തണ്ട എന്ന ജാനുവമ്മയുടെ വാക്കുകള്‍ കേള്‍ക്കാതെ സൈക്കിള്‍ ഓടിച്ചുപോയ ബാബുവിനെ കലിയിളകി വന്ന അവറാന്റെ കാള  പാട വരമ്പത്ത് നിന്നും  തോട്ടിലേക്ക് തട്ടിയിട്ടു കാലോടിച്ചതും വെളിച്ചപാടിലെ  ദേവി പ്രസാദത്തിനു മാറ്റ് കൂട്ടി.

സംഗതികളുടെ കിടപ്പ് ഇങ്ങിനെയൊക്കെ ആണെങ്കിലും കുട്ടിയമ്മക്ക് വെളിച്ചപാടിന്‍റെ വെളിപാട്  അത്രക്കങ്ങു ബോധിച്ചില്ല.  പട്ടയടിച്ചു മുട്ടിലിഴഞ്ഞു പാതിരാക്ക് വീട്ടിലെത്തി തന്നെ തെറി അഭിഷേകം നടത്തുന്ന ഇയാളെ ദേവി പോയിട്ട് ഒരു ചുടല യക്ഷി പോലും പ്രാസാദിക്കില്ല എന്ന് കുട്ടിയമ്മക്കുറപ്പായിരുന്നു.  അത്താഴം കഴിഞ്ഞു പായ വിരിക്കുമ്പോള്‍ സംഭവത്തിന്റെ പൊരുള്‍ അറിയാനായി കുട്ടിയമ്മ തന്റെ ജനറേറ്റര്‍ വീണ്ടും ഓണ്‍ ചെയ്തു.

"ന്നാലും സത്യത്തില്‍ ങ്ങടെ മേത്ത് ദേവി കേറീത് തന്നാണോ ???? "

കുട്ടിയമ്മടെ സംശയം കേട്ട് വെളിച്ചപാട് പൊട്ടി ചിരിച്ചു.  കയ്യിലെടുത്ത ചുണ്ണാമ്പ് തേച്ച വെറ്റില മടക്കി അണ്ണാക്കിലോട്ടു തിരുകി അയാള്‍ പറഞ്ഞു.

"അനക്ക് നൊസ്സ് വല്ലതും ണ്ടോ പെണ്ണൊരുത്യേ......'' 

വിരല്‍ തുമ്പില്‍ തോണ്ടിയ അല്‍പ്പം ചുണ്ണാമ്പ് കൂടി നാവില്‍ തേച്ചു അദ്ദേഹം ഭാര്യയോട് പറഞ്ഞ കഥ ഇങ്ങിനെ ..... !!!

ഉരുളി കളവു പോയ വാര്‍ത്തയറിഞ്ഞു തിടുക്കത്തില്‍ അയയില്‍ നിന്ന് വലിച്ചെടുത്ത കൌപീനം വലിച്ചു കെട്ടി അമ്പലമുറ്റത്തെത്തിയ വെളിച്ചപാടിന്റെ കൌപീനത്തിനകത്തു ഒരു ചെറിയ വണ്ട്‌ കുടുങ്ങിയിരുന്നു.

അസ്ഥാനത്തുള്ള വണ്ടിന്റെ ഓട്ടവും കലാപരിപാടികളും ഞെളി പിരി കൊണ്ട് സഹിച്ചു നില്‍ക്കയായിരുന്നു അദ്ദേഹം.  ജനകൂട്ടത്തിനിടയില്‍ നിന്നും എങ്ങോട്ടെങ്കിലും മാറിയാല്‍ കളവിന്റെ പേരില്‍ തന്നെ ആരെങ്കിലും സംശയിച്ചാലോ എന്ന ഉള്‍ഭയം അദ്ദേഹത്തെ അവിടെ തന്നെ പിടിച്ചു നിര്‍ത്തി.

നടത്തം, ഹര്‍ഡില്‍സ്‌, നാനൂറു മീറ്റര്‍ തുടങ്ങിയ ട്രാക്ക്‌ ഇനങ്ങള്‍ക്ക് ശേഷം വണ്ട്‌  നൂറു മീറ്ററില്‍ എത്തിയതും നിക്കകള്ളിയില്ലാതെ വെളിച്ചപാട് ചെറുതായിട്ട് മര്‍മ്മം ഒന്ന് തിരുമ്മിയതും ഒരുമിച്ചായിരുന്നു.   തിരുമ്മല്‍ തീരെ സുഖിക്കാത്ത വണ്ട്‌ വെളിച്ചപ്പാടിന്റെ മര്‍മ്മ സ്ഥാനത്ത്  ഒരു താങ്ങ് താങ്ങി.

ആ താങ്ങലിന്റെ വേദന സഹിക്കാനാവാതെ  കൌപീനമഴിച്ചു എത്രയും പെട്ടെന്ന് വണ്ടിനെ കളയുക എന്ന ഉദ്ദേശത്താല്‍ കുളത്തില്‍ ചാടിയ അദ്ദേഹത്തിന്‍റെ കാല്‍ ചെന്ന് മുട്ടിയത്‌ അടിയില്‍ കിടക്കുന്ന ഉരുളിയുടെ വക്കിലാണ്.

നടന്ന സംഭവമറിഞ്ഞു ചിരിയടക്കാന്‍ കുട്ടിയമ്മ പാടുപെടുമ്പോള്‍ മുറുക്കി ചുവന്ന പല്ല് കാണിച്ച് വെളിച്ചപാടും അറിയാതെ ചിരിച്ചു പോയി.

പിറ്റേന്ന് കാലത്ത് കണ്ണ് തിരുമ്മി  മുറ്റത്തേക്ക്‌ ഇറങ്ങിയ കുട്ടിയമ്മ കണ്ടത് കയ്യില്‍ കുട്ടികളുമായി നില്‍ക്കുന്ന അനേകം ഗ്രാമവാസികളെയാണ്. 

ദേവിപ്രസാദം നേടിയ വെളിച്ചപാടിന്റെ അനുഗ്രഹവും  രോഗ ശമന ശുശ്രൂഷയും  തേടിയാണ് അവര്‍ എത്തിയത്‌  എന്നറിഞ്ഞ കുട്ടിയമ്മക്ക് ഉള്ളില്‍ ചിരി പൊട്ടി.  പക്ഷെ പുറത്തു ഗൌരവം നടിച്ചു അവര്‍ അകത്തു പോയി  ഭര്‍ത്താവിനെ വിവരമറിയിച്ചു. 

നിറഞ്ഞ ചിരിയോടെ ദര്‍ശനം നല്‍കാന്‍ എത്തിയ വെളിച്ചപ്പാട് ആരെയും നിരാശരാക്കാതെ ഇറയത്തെ തിണ്ണയില്‍ വിളിച്ചിരുത്തിയതിനു ശേഷം  തന്റെ കൌപീനത്തില്‍ കുടുങ്ങിയ വണ്ടിനെ മനസ്സില്‍ നന്ദിയോടെ സ്മരിച്ചു കൊണ്ട്  ഓരോരുത്തരെയായി ഊതാനും ചരട് കെട്ടാനും തുടങ്ങി.

(ഇ മഷി ഓണ്‍ ലൈന്‍ മാഗസിന്‍ ആദ്യ ലക്കം പ്രസിദ്ധീകരിച്ചത്)